ഐഎസ്എല്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് രണ്ടാംപാദ സെമിക്കിറങ്ങുന്നു.
ദില്ലി : ഐഎസ്എല്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് രണ്ടാംപാദ സെമിക്കിറങ്ങുന്നു. ഡല്‍ഹി ഡൈനാമോസിനെതിരെ ആദ്യപാദത്തില്‍ നേടിയ 1-0 വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആരോണ്‍ ഹ്യൂസും സംഘവും. അതേസമയം ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരുഗോളിന് തോറ്റ ഡല്‍ഹിയ്ക്ക് ഫൈനലിലെത്താന്‍ വിജയം അനിവാര്യമാണ്. ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കിക്കോഫ്.
ബ്ലാസ്‌റ്റേഴ്‌സിന് സമനില മാത്രം നേടിയാലും ഫൈനലിലെത്താം. എന്നാല്‍ ഡല്‍ഹിയ്ക്കാകട്ടെ രണ്ടുഗോള്‍ വ്യത്യാസത്തിലുള്ള ജയം അനിവാര്യമാണ്. ഈ സീസണില്‍ സ്വന്തം മൈതാനത്ത് ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്നതാണ് ഡല്‍ഹിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്.
ആദ്യപാദ സെമിയില്‍ 64-ആം മിനുട്ടില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നേടിയ ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കൊച്ചിയില്‍ വിന്യസിച്ച ടീമിനെ തന്നെയാകും സ്റ്റീവ് കോപ്പല്‍ ഇന്നും ഇറക്കാന്‍ സാധ്യത. നാസനെയും റാഫിയെയും മുന്നില്‍ നിര്‍ത്തി, ബെല്‍ഫോര്‍ട്ടിനെയും വിനീതിനെയും അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരായി നിലനിര്‍ത്തിയേക്കും. പ്രതിരോധത്തില്‍ നായകന്‍ ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും ഹോസുവും സന്ദേശ് ജിംഗാനും കോട്ട ഒരുക്കും.
മാഴ്‌സെലീഞ്ഞോ, റിച്ചാര്‍ഡ് ഗാഡ്‌സെ, കീന്‍ ലൂയിസ് എന്നിവരടങ്ങിയ ഡല്‍ഹി മുന്നേറ്റനിരയുടെ കരുത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കാമെന്നാണ് ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയുടെ പ്രതീക്ഷ. പ്രാഥമിക റൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഡല്‍ഹിയില്‍ എതിരില്ലാത്ത രണ്ടുഗോളിന് പരാജയപ്പെടുത്തിയതും ഡല്‍ഹിയ്ക്ക് ആത്മവിശ്വാസമേകുന്നു